ചേർത്തല: എസ്.എൻ.ഡി.പി മൈക്രോഫിനാൻസ് സംസ്ഥാന കോഓഡിനേറ്ററും കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായ കെ.കെ. മഹേശെൻറ ആത്മഹത്യ കേസിൽ പൊലീസ് വീട്ടുകാരുടെ മൊഴിയെടുത്തു. മരണത്തിന് ഉത്തരവാദികൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹായി കെ.എൽ. അശോകനുമാണെന്ന് ബന്ധുക്കൾ ആവർത്തിച്ചു. മാരാരിക്കുളം സി.ഐ അനീഷ് മുമ്പാകെ ഇക്കാര്യം മൊഴി നൽകിയിട്ടുണ്ട്. വെള്ളാപ്പള്ളി ആവശ്യപ്പെടുന്ന സി.ബി.ഐ അന്വേഷണം വേണ്ടെന്നും അവർ നിലപാടെടുത്തു.
അസ്വാഭാവിക മരണത്തിന് മാത്രമാണ് മാരാരിക്കുളം പൊലീസ് കേസെടുത്തിരിക്കുന്നത്. ഇൗ നടപടികൾ പൂർത്തിയാക്കാനാണ് വീട്ടുകാരുടെ മൊഴിയെടുത്തത്. മരിക്കുന്നതിനുമുമ്പ് തയാറാക്കിയ കത്തുകളിലെ കൈയക്ഷരവും ഒപ്പും മഹേശേൻറത് തന്നെയാണോയെന്ന് പരിശോധിക്കും. ആവശ്യമെങ്കിൽ ഫോറൻസിക് ലാബിൽ അയക്കും. ആത്മഹത്യക്കുമുമ്പ് സമൂഹമാധ്യമങ്ങളിൽ വന്ന പരാമർശങ്ങളും വിശദമായി പരിശോധിക്കും.
മരണത്തിൽ ദൂരൂഹത ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിട്ടുണ്ട്. മരണത്തിന് ഉത്തരവാദികൾ ആരായാലും നിയമത്തിെൻറ മുന്നിൽ കൊണ്ടുവരുമെന്ന് അനന്തരവൻ എം.എസ്. അനിൽകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്തുതന്നെ താൻ കൊല്ലപ്പെടുമെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ഭാര്യ ഉഷയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. ഈ വിഷയം കാണിച്ച് ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐക്ക് മഹേശനും കത്തയച്ചിരുന്നു. അന്നുമുതൽ ദുഃഖിതനായാണ് കണ്ടിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചർച്ചക്കും വെള്ളാപ്പള്ളി തയാറായിട്ടില്ലെന്ന് സഹോദരൻ പ്രകാശൻ പറഞ്ഞു. തന്നെ അശോകൻ കുടുക്കുമെന്ന് ജ്യേഷ്ഠൻ പറഞ്ഞിരുന്നു. ആത്മഹത്യപ്രേരണ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാവിലെയാണ് വെള്ളാപ്പള്ളിയുടെ വലംകൈയായിരുന്ന മഹേശനെ എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ ഓഫിസിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിന് കാരണക്കാരായവരുടെ പങ്കും അന്വേഷിക്കണം –ഗോകുലം ഗോപാലൻ
കോട്ടയം: ചേർത്തല കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി മഹേശെൻറ ആത്മഹത്യക്കുറിപ്പിൽ യോഗം ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് കടുത്ത മാനസികപീഡനം ഉണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു.
ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണം. കണിച്ചുകുളങ്ങര ഐശ്വര്യ ട്രസ്റ്റ്, ദേവീക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി എന്നിവ മഹേശനിൽ ചാരി വെള്ളാപ്പള്ളി രക്ഷപ്പെടുമെന്ന ആശങ്കയും മരണത്തിന് കാരണമായതായും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.